മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതു ഗ്രൂപ്പുകളിൽ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറിയെന്നും എം വി ജയരാജന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണമായി സോഷ്യല്‍ മീഡിയയിലെ സൈബര്‍ പേജുകളെ വിമര്‍ശിച്ചത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി എം വി ജയരാജന്‍ രംഗത്തെത്തിയത്. ഇടതു പേജുകളുടെ പേരുകളില്‍ വരുന്ന പോസ്റ്റുകള്‍ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ പ്രൊഫൈലും, നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയത്,പോരാളി ഷാജിയുടെ പേരില്‍ പല പ്രൊഫൈലുകളാണുള്ളത്. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിന്‍മാർ ധൈര്യസമേതം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇടത് പേരുള്ള വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വ്യക്തിഹത്യ ഉള്‍പ്പെടെ നടത്തുകയാണ്. ഇടതുവിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത് എന്നും എം
വി ജയരാജന്‍ പറയുന്നു.
എന്നാല്‍ തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ പറഞ്ഞു. ചെങ്കതിര്‍, പോരാളി ഷാജി, ചെമ്പട എന്നിങ്ങനെയുള്ള ഇടതു പേജുകളില്‍ വരുന്നവ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണം എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അവയില്‍ ഇടതു വിരുദ്ധമായ പോസ്റ്റുകള്‍ കണ്ടാല്‍ അത് ഇടതു വിരുദ്ധമായ ഇടത്തുനിന്നാണെന്ന് തിരിച്ചറിയണം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ ഒരു ക്വട്ടേഷന്‍ ടീമിനേയും ഇടതുപക്ഷ ടീമിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടില്ല. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എം വി ജയരാജന്റെ സാമൂഹ്യ മാധ്യമ വിമര്‍ശനം.
© The News Journalist. All Rights Reserved, .
Design by The Design Shop